ആനവാല്‍

“അര്‍ത്ഥമില്ലാത്ത ദിനാന്ത്യക്കുറിപ്പുകള്‍”

Wednesday, January 03, 2007

പുതുവര്‍ഷം കൂമനോടൊപ്പം

വര്‍ഷപ്പിറവി ആഘോഷിക്കാന്‍ ആനത്തൊഴുത്തില്‍ ബ്ലോഗ്ഗര്‍ കൂമന്‍, മിസ്സിസ് കൂമന്‍, ബേബി കൂമന്‍ എന്നിവര്‍ (കൂടാതെ ഒരു എക്സ്-അയല്‍‌ക്കാരനും കുടുംബവും, ഒരു എക്സ്-സഹപാഠിയും കുടുംബവും) ഉണ്ടായിരുന്നു. കോഴിക്കാലുകള്‍ കടിച്ചുകീറിയും കൊക്കക്കോളയും (കൂമന്‍) ബിയറും (ഞാന്‍) മൊത്തിക്കുടിച്ചും ഞങ്ങള്‍ പുതുവര്‍ഷത്തെക്കാത്തിരുന്നു. ടിയാന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആര്‍പ്പുവിളികളോടെ എതിരേറ്റശേഷം കൂമന്‍കുടുംബം അവരുടെ മരപ്പൊത്തിലേക്കും, ഞാന്‍ എന്റെ ഹാങ്ങോവറിലേക്കും യാത്രയായി. ഇതും ഒരു ബ്ലോഗ്ഗേഴ്സ് മീറ്റ്.

Tuesday, October 17, 2006

ജാബര്‍വോക്കി

ഉമേശിന്റെ സമസ്യാപൂരണത്തില്‍ പച്ചാളമെഴുതിയ ഒരൈറ്റം ("ക്ലീതമവള്‍ക്കഗ്നിരേതസ്സ് കളഞ്ജം കണക്കെ ദരിതനായ് ഉദൂഢന്‍" etc)കണ്ടു ഞാന്‍ വാവിട്ടുചിരിച്ചു. ഉദൂഢനും, ക്ലീതത്തിനുമൊക്കെ ഓരോ അര്‍ത്ഥങ്ങള്‍ തോന്നി. അതിനെപ്പറ്റി ഞാനെഴുതിയപ്പോള്‍ അതിലെന്തെങ്കിലും മനസ്സിലായിട്ടാണോ എനിക്കിഷ്ടമായതെന്ന് ഇഞ്ചിപ്പെണ്ണ് ഒരു ന്യായമായ ചോദ്യം ചോദിച്ചു. അങ്ങനെ അതിനെപ്പറ്റി ആലോചിച്ചപ്പോഴാണ് ഇതുപോലത്തെ വേറൊരു അസംബന്ധകവിത ഓര്‍‌മ്മ വന്നത്. Lewis Carrol എഴുതിയ Jabberwocky. വായിച്ചുനോക്കൂ. അര്‍ത്ഥരഹിതമായ പദങ്ങള്‍ കോര്‍ത്തിണക്കി Carrol നിര്‍മ്മിക്കുന്ന ഒരു പ്രത്യേക അന്തരീക്ഷം കാണാം.

വാല്‍ക്കഷ്ണം: Jabberwocky രണ്ടാമതും വായിച്ചുകഴിഞ്ഞപ്പോള്‍ സ്വാഭാവികമായും അതാരെയെങ്കിലും ചൊല്ലിക്കേള്‍പ്പിക്കണമെന്നും തോന്നി. മക്കള്‍ ഗിനിപ്പന്നികളാ‍യി. ഏതായാലും അവര്‍ക്കതിഷ്ടമായി. Jabberwock അവരുടെ മുറിയില്‍ ഒരു പോസ്റ്ററുമായി.

Wednesday, October 04, 2006

വെറുതെ ഒരു നമ്പര്‍

പണ്ട് ആറാം ക്ലാസ്സിലെയോ മറ്റോ മലയാ‍ളം പുസ്തകത്തിലുണ്ടായിരുന്ന ഒരു താരാട്ട്... മക്കളുണ്ടായപ്പോള്‍, അവരുടെ ചെറുപ്രായത്തില്‍ അവരെ ഉറക്കാന്‍ ഒരു ഭീഷണി പോലെ ഞാനിത് അവരെ പാടിക്കേള്‍പ്പിക്കാറുണ്ടായിരുന്നു. വേഗം ഉറങ്ങിയില്ലെങ്കില്‍ ഉറങ്ങുന്നതുവരെ ഇതുപോലത്തെ താരാട്ടുകള്‍ തുടരും എന്നു വളരെപ്പെട്ടെന്നുതന്നെ മനസ്സിലാക്കിയെടുത്ത മക്കള്‍ ഉറക്കം നടിക്കാന്‍ പഠിച്ചതും അങ്ങനെ...

powered by ODEO

Thursday, September 14, 2006

കിഴക്കും പടിഞ്ഞാറും

അമേരിക്കയുടെ കിഴക്കന്‍ഭാഗത്തുനിന്നും ബ്ലോഗുന്നവരില്‍ ചിലരുടെ പേരുകള്‍: ഏവൂരാന്‍, കൂമന്‍, ശനിയന്‍, പ്രാപ്ര, ഇഞ്ചിപ്പെണ്ണ്‌, യാത്രാമൊഴി, പിന്നെ പാപ്പാനെന്ന ഞാന്‍.

അതേ സമയം പടിഞ്ഞാറുഭാഗത്തുനിന്നോ? ഉമേഷ്‌ പി നായര്‍, സന്തോഷ്‌ പിള്ള, രാജേഷ്‌ ആര്‍ വര്‍മ്മ.

കിഴക്കന്‍മാര്‍ പൊതുവെ നാണംകുണുങ്ങികളാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനൊക്കുമോ?

ന്യൂ ജേഴ്സി ബ്ലോഗര്‍‌മാരുടെ സമ്മേളനം

ന്യൂജേഴ്സി ബ്ലോഗര്‍മാരുടെ മഹാസമ്മേളനം കഴിഞ്ഞ ശനിയാഴ്ച (സെപ്റ്റംബര്‍ 09, 2006) നടന്നു. ന്യൂ ജേഴ്സി ബ്രിഡ്ജ്‌വാട്ടര്‍ ക്ഷേത്രത്തിലെ ഹാളില്‍ നടന്ന ഓണപ്പരിപാടിയോടനുബന്ധിച്ചായിരുന്നു ഈ സംഗമമഹാമഹം. സംഗമത്തില്‍ ഞാനും കൂമനുമാണ്‌ പ്രധാനമായും ഉണ്ടായിരുന്നത്‌. വെള്ളിയാങ്കല്ലില്‍ തുമ്പികള്‍ പറക്കുന്നതുപോലെ ഒരായിരം അനോണികളുടെ ആത്മാക്കള്‍ ഞങ്ങള്‍ക്കു ചുറ്റും സമ്മേളനസമയത്ത്‌ പാറി നടക്കുന്നത്‌ ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞിരുന്നു.

ആശയഗംഭീരനും, കാഴ്ചയ്ക്കു സൗമ്യനുമായ കൂമനെയും, അദ്ദേഹത്തിന്റെ കുടുംബത്തെയും, അദ്ദേഹത്തിന്റെ സുഹൃത്തായ സജിത്തിനെയും കണ്ടതില്‍ ഒരുപാടു സന്തോഷം എനിക്കുണ്ടായി.

[സജിത്തിനെ ഞാന്‍ അതിനു മുമ്പുതന്നെ അറിയും. അതിനു മുമ്പത്തെ ആഴ്ച, ഞാന്‍ പുത്രകളത്രാദികളോടുകൂടി ഇവിടെയടുത്തൊരുസ്ഥലത്തുവന്നിരുന്ന സര്‍ക്കസ്‌ കാണാന്‍ പോയിരുന്നു. കാറില്‍നിന്നിറങ്ങി നേരായവഴിക്കു ടിക്കറ്റ്‌ ബൂത്തില്‍ പോകനൊരുങ്ങുകയായിരുന്നു ഞാന്‍. അപ്പോഴാണ്‌ ആനപ്പിണ്ടക്കൂനകള്‍ക്കുമുകളിലൂടെയുള്ള ഒരു കുറുക്കുവഴിയിലൂടെ ഒരാള്‍ തെന്നിത്തെന്നി സര്‍ക്കസ്‌ കൂടാരത്തിന്റെ പുറകിലേക്കു നീങ്ങുന്നതു കണ്ടത്‌. കളത്രം, ലിറ്റില്‍ മോണ്‍സ്റ്റേഴ്സ്‌ എല്ലാം ഈ കുറുക്കുവഴി കണ്ടതും അതിലേക്കുചാടി. സര്‍വാംഗം പിണ്ടാഭിഷിക്തനായി സര്‍ക്കസ്‌ കാണേണ്ട ഒരു ദുരവസ്ഥ എനിക്കുണ്ടായി. അന്നേ ഞാന്‍ ആ മുമ്പേ ഗമിച്ചീടിന കക്ഷിയെ നോട്ടുചെയ്തിരുന്നു. കൂമന്റെ കൂട്ടുകാരനായ സജിത്തായിരുന്നു അതെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തോടുണ്ടായിരുന്ന എന്റെ ദേഷ്യമെല്ലാം കത്രീനയ്ക്കുമുന്നിലെ ന്യൂ ഓര്‍ലിയന്‍സു പോലെ ഒതുങ്ങി.]

കൂമന്‍ (ചെരിപ്പ്), ഞാന്‍ (വെള്ളഷര്‍‌ട്ടും, ഷൂസും) (പച്ച ഷര്‍‌ട്ട് ഓസിനുണ്ണാന്‍ വന്ന ആരോ)


സമ്മേളനനഗരിയിലെ പൂക്കളം


സമ്മേളനനഗരിയിലെ കുപ്പത്തൊട്ടികള്‍


സദ്യ കഴിഞ്ഞപ്പോള്‍

Monday, September 04, 2006

മഴ, സൈക്കിള്‍, ഞാന്‍

മഴയത്തു സൈക്കിള്‍ ചവിട്ടാന്‍ എനിക്കു ഭയങ്കര ഇഷ്ടമാണ്‌. ചാഞ്ഞുപെയ്യുന്ന മഴത്തുള്ളികള്‍ മുഖത്തു സ്നേഹത്തോടെ ഉമ്മവയ്ക്കുമ്പോള്‍, മഴയുടെ കൂട്ടുകാരനായ കാറ്റെന്നെ സൈക്കിളില്‍നിന്നും താഴെത്തള്ളിയിടാന്‍ നോക്കുമ്പോള്‍, വഴിയിലെ വെള്ളച്ചാലുകളില്‍ തുഴഞ്ഞുനീങ്ങാനറിയാതെ ചക്രങ്ങള്‍ ഉഴറുമ്പോള്‍, എന്റെ നട്ടെല്ലിനുപുറത്തുകൂടി വെള്ളം ചാലിടുമ്പോള്‍, ലോകത്തില്‍ ഞാനും എന്റെ സൈക്കിളും മഴയും മാത്രം...

Wednesday, July 12, 2006

ചിരി

ജീവിതം ചോദിച്ചപ്പോള്‍ ഞാനെന്റെ ചുണ്ടുകള്‍ മുറിച്ചുകൊടുത്തു. അന്നുതുടങ്ങിയ എന്റെ ചിരി ഇന്നും നിന്നിട്ടില്ല.