ആനവാല്‍

“അര്‍ത്ഥമില്ലാത്ത ദിനാന്ത്യക്കുറിപ്പുകള്‍”

Thursday, September 14, 2006

ന്യൂ ജേഴ്സി ബ്ലോഗര്‍‌മാരുടെ സമ്മേളനം

ന്യൂജേഴ്സി ബ്ലോഗര്‍മാരുടെ മഹാസമ്മേളനം കഴിഞ്ഞ ശനിയാഴ്ച (സെപ്റ്റംബര്‍ 09, 2006) നടന്നു. ന്യൂ ജേഴ്സി ബ്രിഡ്ജ്‌വാട്ടര്‍ ക്ഷേത്രത്തിലെ ഹാളില്‍ നടന്ന ഓണപ്പരിപാടിയോടനുബന്ധിച്ചായിരുന്നു ഈ സംഗമമഹാമഹം. സംഗമത്തില്‍ ഞാനും കൂമനുമാണ്‌ പ്രധാനമായും ഉണ്ടായിരുന്നത്‌. വെള്ളിയാങ്കല്ലില്‍ തുമ്പികള്‍ പറക്കുന്നതുപോലെ ഒരായിരം അനോണികളുടെ ആത്മാക്കള്‍ ഞങ്ങള്‍ക്കു ചുറ്റും സമ്മേളനസമയത്ത്‌ പാറി നടക്കുന്നത്‌ ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞിരുന്നു.

ആശയഗംഭീരനും, കാഴ്ചയ്ക്കു സൗമ്യനുമായ കൂമനെയും, അദ്ദേഹത്തിന്റെ കുടുംബത്തെയും, അദ്ദേഹത്തിന്റെ സുഹൃത്തായ സജിത്തിനെയും കണ്ടതില്‍ ഒരുപാടു സന്തോഷം എനിക്കുണ്ടായി.

[സജിത്തിനെ ഞാന്‍ അതിനു മുമ്പുതന്നെ അറിയും. അതിനു മുമ്പത്തെ ആഴ്ച, ഞാന്‍ പുത്രകളത്രാദികളോടുകൂടി ഇവിടെയടുത്തൊരുസ്ഥലത്തുവന്നിരുന്ന സര്‍ക്കസ്‌ കാണാന്‍ പോയിരുന്നു. കാറില്‍നിന്നിറങ്ങി നേരായവഴിക്കു ടിക്കറ്റ്‌ ബൂത്തില്‍ പോകനൊരുങ്ങുകയായിരുന്നു ഞാന്‍. അപ്പോഴാണ്‌ ആനപ്പിണ്ടക്കൂനകള്‍ക്കുമുകളിലൂടെയുള്ള ഒരു കുറുക്കുവഴിയിലൂടെ ഒരാള്‍ തെന്നിത്തെന്നി സര്‍ക്കസ്‌ കൂടാരത്തിന്റെ പുറകിലേക്കു നീങ്ങുന്നതു കണ്ടത്‌. കളത്രം, ലിറ്റില്‍ മോണ്‍സ്റ്റേഴ്സ്‌ എല്ലാം ഈ കുറുക്കുവഴി കണ്ടതും അതിലേക്കുചാടി. സര്‍വാംഗം പിണ്ടാഭിഷിക്തനായി സര്‍ക്കസ്‌ കാണേണ്ട ഒരു ദുരവസ്ഥ എനിക്കുണ്ടായി. അന്നേ ഞാന്‍ ആ മുമ്പേ ഗമിച്ചീടിന കക്ഷിയെ നോട്ടുചെയ്തിരുന്നു. കൂമന്റെ കൂട്ടുകാരനായ സജിത്തായിരുന്നു അതെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തോടുണ്ടായിരുന്ന എന്റെ ദേഷ്യമെല്ലാം കത്രീനയ്ക്കുമുന്നിലെ ന്യൂ ഓര്‍ലിയന്‍സു പോലെ ഒതുങ്ങി.]

കൂമന്‍ (ചെരിപ്പ്), ഞാന്‍ (വെള്ളഷര്‍‌ട്ടും, ഷൂസും) (പച്ച ഷര്‍‌ട്ട് ഓസിനുണ്ണാന്‍ വന്ന ആരോ)


സമ്മേളനനഗരിയിലെ പൂക്കളം


സമ്മേളനനഗരിയിലെ കുപ്പത്തൊട്ടികള്‍


സദ്യ കഴിഞ്ഞപ്പോള്‍

16 Comments:

 • At Thu Sep 14, 07:15:00 PM 2006, Anonymous InjiPennu said…

  ഹഹഹ്ഹ....ഈ ഫോട്ടോസ് കണ്ട് ഞാന്‍ ഒരുപാട് ചിരിച്ചൊരു വഴിക്കായി....
  ഹാഹാ..എസ്പഷലി ആ വേസ്റ്റ് ബാസ്കറ്റിന്റെ..
  ന്റെ ഫോട്ടോസിനെ വല്ലോം കളിയാക്കിയതാണോന്ന് ഒരു സംശയവും ഇല്ലാതില്ല.. കളിയാക്കിയതാണെങ്കില്‍ അടിപൊളി ആയിട്ട് കളിയാക്കി..ഹഹഹ.. അപ്പൊ കൂമന്‍ മാഷും അവിടെയാണൊ?

   
 • At Thu Sep 14, 07:41:00 PM 2006, Blogger പാപ്പാന്‍‌/mahout said…

  ഛായാഗ്രഹണകല എനിക്കു പറഞ്ഞിട്ടില്ല ഇഞ്ചിയേ. അവിടെ ചെന്നുകേറിയപ്പോള്‍ വിശന്നിരുന്നതിനാല്‍ സദ്യ കഴിക്കാനായിരുന്നു ശ്രദ്ധ. പിന്നെ ക്യാമറയുടെ കാര്യമൊക്കെ ഓര്‍‌ത്തുവന്നപ്പോഴേക്കും കുപ്പത്തൊട്ടി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
  കൂമനും ഞാനും അടുത്തടുത്തനഗരങ്ങളില്‍ രാ പാര്‍‌ക്കുന്നു.

   
 • At Thu Sep 14, 09:35:00 PM 2006, Blogger Adithyan said…

  ഒരുപാട് പേരുണ്ടായിരുന്നു അല്ലെ?

  പിന്നെ ആ താണു പറക്കുന്ന ബേര്‍ഡ്’സ് ഐ വ്യൂ കലക്കി. പ്രകൃതിരമണീയമായ ദൃശ്യങ്ങളായ കുപ്പത്തൊട്ടി, ഒഴിഞ്ഞ പാത്രങ്ങള്‍ തുടങ്ങിയവയുടെ ഛായ ഗ്രഹിച്ചതും അസ്സലായി ;)

   
 • At Thu Sep 14, 10:22:00 PM 2006, Blogger evuraan said…

  ഹാ ഹാ..!!

  ആശംസകള്‍.

  ജെഴ്സിക്കാര്‍ക്ക് നേരം പോക്കാന്‍ എന്തെങ്കിലും വകുപ്പ് വേണമല്ലോ... :^)

  (ഒബ്ലിഗേറ്ററിയായിട്ടുള്ള ഡിറോഗേറ്ററി കമന്റ് ആണത് -- ന്യൂ ജെഴ്സിയെ പറ്റി എവിടെ ഇപ്രകാരം തരം കിട്ടിയാലും തട്ടി വിടേണ്ടതാണ്..)

  :^)

  തമാശകള്‍ മാറ്റി, കൂമന്‍ സിംഗപ്പൂരിലാണെന്നാണ് ഞാനിത്രയും നാള്‍ ധരിച്ചു വന്നിരുന്നത്.

  അതു പോലെ, ഞാനിന്നു വരെ നേരില്‍ കണ്ടിട്ടില്ലാത്ത ഒരു ജീവിയുണ്ട്, ആരാണെന്നോ, മലയാളം ബ്ലോഗെഴുത്തുകാരനെ (കാരിയെ..)

  /എന്നെത്തന്നെ ഞാന്‍ നേരില്‍ കാണാറില്ലല്ലോ.. :^) /

   
 • At Thu Sep 14, 10:37:00 PM 2006, Blogger Adithyan said…

  മലയാളത്തില്‍ ബ്ലോഗ് ചെയ്യാന്‍ വളരെ എളുപ്പമാണ് ... ;))

  ഈ സെറ്റിങ്ങ്സ് ചെയ്താല്‍ താങ്കളുടെ ബ്ലോഗിലെ കമന്റുകള്‍ പിന്മൊഴിയില്‍ എത്തുകയും താങ്കളുടെ ബ്ലോഗിനെപ്പറ്റി കൂടുതല്‍ ആളുകള്‍ അറിയുകയും ചെയ്യും... ;))

  @ ഏവൂരാന്‍: അങ്ങനെ ജേഴ്‌സിയില്‍ വരെ ബ്ലോഗ് മീറ്റ് ആയി. ;)

   
 • At Thu Sep 14, 10:55:00 PM 2006, Blogger അനംഗാരി said…

  ഇതെന്താ എവൂരാനെ, തൊട്ട് കിടന്ന എവൂരാന്‍ ഈ ബൂലോഗ പുലികളുടെ സംഗമം അറിഞ്ഞില്ലെ?. ഞാനല്‍പ്പം ദൂരെയാണെങ്കിലും അറിഞ്ഞാല്‍ വരുമായിരുന്നു. പ്രത്യേകിച്ചും സദ്യ ഉള്ളപ്പോള്‍.

  ആദീ: സംസ്ഥാന തലത്തില്‍ മീറ്റണമെന്നാണോ ഉദ്ദേശിച്ചത്?

   
 • At Fri Sep 15, 12:29:00 AM 2006, Blogger മന്‍ജിത്‌ | Manjith said…

  അമേരിക്കയുടെ കക്ഷത്തില്‍‌വരെ അങ്ങനെ ബൂലോക സംഗമം നടന്നു!

  പാപ്പാന്റെ കാലിക്കിടക്കുന്ന ഷൂ കണ്ടിട്ട് എവിടെയൊക്കെയോ കണ്ടു പരിചയം പോലെ ;)

   
 • At Fri Sep 15, 12:59:00 AM 2006, Blogger വിശാല മനസ്കന്‍ said…

  ‘വെള്ളിയാങ്കല്ലില്‍ തുമ്പികള്‍ പറക്കുന്നതുപോലെ ഒരായിരം അനോണികളുടെ ആത്മാക്കള്‍ ഞങ്ങള്‍ക്കു ചുറ്റും സമ്മേളനസമയത്ത്‌ പാറി നടക്കുന്നത്‌ ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞിരുന്നു.‘

  പുലീ.. മാളത്തില്‍ നിന്നെറങ്ങി വാ മാഷെ.

  രസായിട്ടുണ്ട്.

  മഞ്ജിത്തേ ഹഹഹ..

   
 • At Fri Sep 15, 01:29:00 AM 2006, Blogger bodhappayi said…

  ഷൂ കണ്ടപ്പോള്‍ പരിചയമോ... മന്‍ജിത്തേ ഗൊച്ചുഗള്ളാ, ചെരുപ്പു കാണുമ്പോള്‍ കവിളില്‍ തപ്പി ആരുടേതാണെന്നു പറയുന്ന ചില വിദ്യാന്മാര്‍ ഉണ്ടത്രേ. ഹി ഹി കുട്ട്യേടത്തി കേക്കണ്ട... :) സീതാദേവിയുടെ പാദസ്വരം കണ്ടപ്പോള്‍ ലക്ഷ്മണന്‍ അതു തിരിച്ചറിഞ്ഞ ഒരു സംഭവം രാമായണത്തിലും ഉണ്ട്‌.

  ഏരിയല്‍ വ്യൂവിന്റെ പേറ്റന്റ്‌ ബാംഗ്ലൂരിന്റെ പേരില്‍ ആണല്ലൊ, ചപ്പല്‍ വ്യൂവിന്റെ പേറ്റന്റ്‌ പാപ്പാനു തന്നെ.. :)

   
 • At Fri Sep 15, 10:12:00 AM 2006, Blogger kumar © said…

  ഇതെന്താ പാപ്പാനേ തലയില്ലാത്തവരുടെ സമ്മേളനമോ? അപ്പോള്‍ മുഖമില്ലാത്ത നിങ്ങളെ ഒക്കെ ആണല്ലേ, ഈ അനോണികള്‍ എന്നു പറയുന്നത്?

  (ആ പച്ച ഷര്‍ട്ട് ആദിത്യനാണോ?)

   
 • At Fri Sep 15, 12:16:00 PM 2006, Anonymous അചിന്ത്യ said…

  അപ്പൊ ഇനി ഇവടത്തെ കമ്പ്യൂട്ടന്മാറ്റൊക്കെ കൂടി പാപ്പാന്‍റെ കണ്ണു വെട്ടി ആ തലല്ല്യാത്തോടത്ത് ഒട്ടിച്ചേ,നോക്കട്ടെ. ബാക്കിയൊക്കെ അങ്ങേര്‍ നമംക്ക് പതുക്കെ തരും ന്നെ.ഇല്ല്യേ ആഭാസപാപ്പാനെ?

  കുമാറെ ഇതു തല ഇല്ല്യാത്തൊര്‍ക്ക് കാണാന്‍ ഇട്ടതാന്നാ തൊന്നണെ.ഇത്രേം നല്ല ബ്ലോഗ്മീറ്റ് റിപ്പോറ്ട് പടം സഹിതം ണ്ടായിട്ടേല്ല്യാ. ഗംഭീരം

   
 • At Fri Sep 15, 01:54:00 PM 2006, Blogger Malayalee said…

  “വെള്ളിയാങ്കല്ലില്‍ തുമ്പികള്‍ പറക്കുന്നതുപോലെ ഒരായിരം അനോണികളുടെ ആത്മാക്കള്‍ ഞങ്ങള്‍ക്കു ചുറ്റും സമ്മേളനസമയത്ത്‌ പാറി

  നടക്കുന്നത്‌ ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞിരുന്നു.“ ഹ ഹ അതു കല കലക്കി പാപ്പാനേ!

  പാപ്പാനേ സത്യം പറ. എന്നെപ്പറ്റി എഴുതുമ്പോള്‍ “ആശയത്തിലും കാഴ്‌ചയിലും അതിഗംഭീരനായ“ എന്ന് എഴുതാമെന്നായിരുന്നില്ലേ

  പിരിയുമ്പോള്‍ നമ്മളെടുത്ത തീരുമാനം? പിന്നൊരു സമാധാനം, ആമാശയത്തില്‍ അതി ഗംഭീരന്‍ എന്നൊന്നും എഴുതീലല്ലോ എന്നതാ. ഭാഗ്യം. :D

  ഊണു കഴിക്കാതെ കാണാനോ സംസാരിക്കാനോ ഞങ്ങള്‍ രണ്ടാളും വിസമ്മതിച്ചതിനാല്‍ ആദ്യം ഭക്ഷണത്തിലേക്കു തന്നെ കടന്നു. ഓസിനു കിട്ടിയ ചോറും സാമ്പാറും പുളിശേരിയുമൊക്കെ തിടുക്കത്തില്‍ കുഴച്ചു വിഴുങ്ങുന്നതിനിടയില്‍
  അടുത്തു നിന്ന് വെട്ടിക്കൊണ്ടിരുന്ന മാന്യന്മാരുടെ കണ്ണുകളിലേക്ക് ഞാന്‍ മാറി മാറി നോക്കിയെങ്കിലും പരിചിതമായ (പ്രോഫൈലിലെ) പാപ്പാന്‍ കണ്ണുകള്‍ കണ്ടെത്താനായില്ല. ഒടുവില്‍ നേരിട്ട് കണ്ടപ്പോഴൊ, ബൂലോകത്തെയല്ല ന്യൂജഴ്‌സിയിലെ തന്നെ ഒരു മലയാളിപ്പുലിയാണദ്ദ്യം. സര്‍വ്വ സമ്മതന്‍ , സംഘാടകന്‍ എന്നു മാത്രമല്ല “പാപ്പാന്‍ “ എന്നു പേരെഴുതിയ ഒരു മഞ്ഞ ബാഡ്‌ജു പോലും അദ്ദേഹം ഇതിനിടയില്‍ കരസ്ഥമാക്കിയിരുന്നു! കഞ്ഞ് ( kanj - kerala association of new jersey) എന്ന പ്രസ്ഥാനത്തിന്റെ തലയെടുപ്പുള്ള നേതാക്കള്‍ക്കൊക്കെ പാപ്പാനെ നല്ല പരിചയം. പാപ്പാന്‍ തനിയെ വന്നതിനാല്‍ അദ്ദേഹത്തിന്റെ കുടുംബത്തെ പരിചയപ്പെടാനായില്ല.

  സൌഹാര്‍ദ്ദപ്രതിനിധിയായി ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ബൂലോഗപ്പുലിയെ ക്ഷണിച്ചെങ്കിലും ചക്കാത്തൂണ് വേറെ നേരത്തെ തരപ്പെട്ടെന്നദ്ദേഹം സവിനയം അറിയിച്ചിരുന്നു.

  ഈ ബൂലോഗസംഗമത്തിനാവശ്യമായ പശ്ചാത്തല സൌകര്യം ഒരുക്കിത്തരുകയും പാപ്പാനെ പരിചയപ്പെടുത്തിത്തരുകയും ചെയ്ത ഉമേഷ് ഗുരുക്കള്‍ക്ക് എന്റെ സ്വന്തം പേരിലും ന്യൂജഴ്‌സി ബ്ലോഗേഴ്‌സ് അസോസിയേഷന്റെ പേരിലും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

  എവൂരാനേ: എന്റെ ബ്ലോഗ് എഴുതുന്നത് കൂടുതലും ഈസ്റ്റ് കോസ്റ്റിലെ അസമയത്തായതിനാലാണോ സിംഗപ്പൂരാണെന്നു തോന്നിയത്? :)

   
 • At Fri Sep 15, 08:33:00 PM 2006, Blogger പാപ്പാന്‍‌/mahout said…

  കമന്റിയ എല്ലാര്‍‌ക്കും നന്‍‌റി, സമ്മേളനത്തിനു വന്ന കൂമനും നന്ദി, അന്നദാതാക്കളായ ഓണക്കാര്‍‌ക്കും നന്ദി.

  ജേഴ്സിയെപ്പറ്റി നല്ല വാക്കു പറഞ്ഞ ഏവു, മന്‍‌ജിത്, എന്റെ ഫോട്ടോഗ്രഫിയെ പുകഴ്ത്തിയ ആദി എന്നിവര്‍‌ക്കു സ്പെഷല്‍ നന്ദി. രാത്രി ഒറ്റയ്ക്കൊന്നും പുറത്തിറങ്ങി നടക്കണ്ടാട്ടോ... :)

  മന്‍‌ജിത്തേ, ഷൂവും ചെരിപ്പുമൊന്നും എന്റെയോ കൂമന്റേതോ അല്ല. പടത്തിനു ക്യാപ്ഷന്‍ ഇടാന്‍ സഹായത്തിനായി കാലു തമ്മില്‍ തിരിച്ചറിയാന്‍ അമ്പലത്തിനു വെളിയില്‍ കിടന്ന ഏതോ തെലുഗു കുടുംബത്തിന്റെ പാദരക്ഷകള്‍ എടുത്തിട്ടെന്നേയുള്ളൂ. കൂമന്‍ കിട്ടിയത് ആ സ്ത്രീയുടെ ചെരിപ്പായിപ്പോയി എന്നു മാത്രം :)

  ആദീ, ഒരുപാടുപേരോ? നഞ്ചെന്തിനു നാനാഴി?

  അനംഗാരീ, അടുത്ത തവണ വിളിക്കാം.

  കുട്ടപ്പായീ, വിശാലാ :)

  കുമാരാ, മുഖം മനസ്സിന്റെ കണ്ണാടിയാണല്ലോ. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട. കൂമന്‍ എനിക്കും, ഞാന്‍ കൂമനും നല്ല ചങ്ങാതികള്‍. അപ്പൊ ഞങ്ങള്‍‌ക്കു മുഖം വേണ്ട. യേത്...

  അചിന്ത്യേ, അറിവില്ലാപ്പൈതങ്ങള്‍‌ക്ക് വേണ്ടാത്ത ഓരോന്ന് പറഞ്ഞുകൊടുക്ക്.

  കൂമാ, കൂമനാണു താരം, ഞാന്‍ വെറും ചാരം. KANJ കാര്‍‌ക്ക് പെട്ടെന്നു എന്നെ പരീചയവും, എന്നോടു ഭയങ്കരസ്നേഹവും ഒക്കെ തോന്നാന്‍ കാരണം അടുത്താഴ്ചത്തെ അവരുടെ പരിപാടിയുടെ ടിക്കറ്റുനിരക്കുകള്‍ ഞാന്‍ അവരോടു ചോദിച്ചതുകൊണ്ടുമാത്രം :)

   
 • At Sat Sep 16, 04:02:00 AM 2006, Blogger കലേഷ്‌ കുമാര്‍ said…

  പാപ്പാനേ, ഇത് ശരിയായില്ല.
  ഓണമായിട്ട് സ്വയം തലവെട്ടിയത് പോട്ടെ, ആ പാവം കൂമന്റെയും തല വെട്ടി . അതുമ്പോരാഞ്ഞ് പിന്നെ ഒരു അജ്ഞാതന്റെയും.

   
 • At Mon Sep 25, 09:39:00 PM 2006, Blogger റീനി said…

  പാപ്പാന്‌, ഓണത്തിനും ചിത്രയുടെ ഗാനമേളക്കും വന്നിരുന്നോ? നല്ല അടിപൊളി പരിപാടിയായിരുന്നു. റ്റിക്കറ്റ്‌ സോള്‍ഡ്‌ ഔട്ട്‌ ആയിരുന്നു. മാവേലിയുടെ പുറകെ ഒരു ആനക്കുട്ടിയുമായി വന്നയാളാണോ പാപ്പാന്‍?

   
 • At Tue Sep 26, 02:15:00 AM 2006, Blogger പാപ്പാന്‍‌/mahout said…

  കലേഷ് :)

  റീനി, ഞാന്‍ വന്നിരുന്നു കേട്ടോ. ടിക്കറ്റ് ഒപ്പിച്ചു ഞാന്‍ അറിയുന്ന ഒര്‍ ഭാരവാഹിണിയില്‍ നിന്നും. എനിക്കു നല്ല ഇഷ്ടമായി പരിപാടി. റീനി ഏതു സാരിയായിരുന്നു ഉടുത്തത് എന്നാ പറഞ്ഞേ? :)

   

Post a Comment

<< Home